അമേഠി: രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ നിന്ന് സരിതാ നായരും അങ്കത്തിനിറങ്ങുന്നു. മത്സരിക്കാനായി സരിത എസ് നായര്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചത് കമ്മീഷൻ സ്വീകരിച്ചു.
കോൺഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താൻ മത്സരിക്കുന്നതെന്നും സരിത പറഞ്ഞു.
എം.പിയാകുക എന്ന ലക്ഷ്യത്തോടെയല്ല താൻ മത്സര രംഗത്ത് ഇറങ്ങുന്നത്, മറിച്ച് കോൺഗ്രസ് അവർ ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് കരുതുകയാണ് ഈ ധാരണയൊന്നു മാറ്റുകയാണ് ലക്ഷ്യം.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗൗരവമായ ആരോപണം ഉന്നയിച്ചിട്ടും ഒരു നടപടിയും ഇല്ലാത്തതിനാലാണ് മത്സരിക്കുന്നത് എന്ന് സരിത പറഞ്ഞു അതിനാല്‍ തന്നെ സ്ത്രീകളുടെ പിന്തുണ തനിക്കുണ്ടാകും. സ്ത്രീയെ ചൂഷണം ചെയ്യുന്നവരെ കോൺഗ്രസ് സംരക്ഷിക്കുകയാണന്നും സരിത പറഞ്ഞു.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ ഏതു ക്രിമിനലിനും രാജ്യം ഭരിക്കുന്ന ആളായി ഇരിക്കാന്‍ കഴിയും എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്കുന്നതിനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് വ്യക്തിപരമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം ആളുകള്‍ക്കെതിരെ താന്‍ പൊരുതി കൊണ്ടിരിക്കുകയാണെന്നും സരിത പറഞ്ഞിരുന്നു.
ഹൈബി ഈഡനടക്കം കേസില്‍ പ്രതികളായ ആളുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകള്‍ അയച്ചിട്ടും ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയെടുത്തില്ല. ഇതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു. അതേസമയം, സരിത എസ് നായരുടെ എറണാകുളം, വയനാട് മണ്ഡലത്തില്‍ നല്‍കിയിരുന്ന പത്രിക തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കോടതി സരിതയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തള്ളിയത്.