തൊടുപുഴ: തൊടുപുഴയുടെ പ്രാന്ത പ്രദേശങ്ങളില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം. പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് നൂറുകണക്കിന് ആളുകളാണ് ഗ്രാമപ്രദേശങ്ങളില്‍ കാത്തു നിന്നത്. പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴയ്ക്കാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ പ്ലക്കാര്‍ഡുകളുമായി വിജയാരവം മുഴക്കി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് അകമ്പടി സേവിച്ചത്.
ഉച്ചയ്ക്കു ശേഷം മഴയെത്തിയെങ്കിലും ആവേശം ചോരാതെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ആനയിച്ചത്. ജനമനസുകള്‍ കീഴടക്കിയാണ് സ്ഥാനാര്‍ത്ഥി ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ടത്.പര്യടനം മണിക്കൂറുകള്‍ വൈകിയിട്ടും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ കാത്തു നിന്നിരുന്നത്. രാവിലെ കുടയത്തൂര്‍ പഞ്ചായത്തിലെ കോള പ്രയില്‍ നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന് എം.എല്‍ .എ, അഡ്വ. എസ്. അശോകന്, ജോയി തോമസ്, പ്രൊഫ. എം.ജെ ജേക്കബ്, ജാഫര്‍ ഖാന് മുഹമ്മദ്, എ.പി ഉസ്മാന് , എന്‍.ഐ ബെന്നി, എം. മോനിച്ചന്, പി.എന്‍ സീതി, ജോസി ജേക്കബ്, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞ മല, കെ.കെ. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുടയത്തുര്‍, അറക്കുളം, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വണ്ണപ്പുറം ടൗണില്‍ പര്യടനം സമാപിച്ചു.
ഡീന്‍ കുര്യാക്കോസിന്റെ ബുധനാഴ്ചത്തെ പര്യാടനം ദേവികുളം നിയോജകമണ്ഡലത്തില്‍.രാവിലെ 7 മണിക്ക് മാങ്കുളത്ത് എ കെ മണി എക്സ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആനക്കുളം, കുരിശുപാറ, കല്ലാര്‍, രണ്ടാംമൈല്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി ,20 ഏക്കര്‍ ,പൊട്ടന്‍കാട് , ടീ കമ്പനി ,സൊസൈറ്റി മേട്, ബൈസണ്‍വാലി , മുട്ടുകാട് , കൊച്ചുപ്പ്,മുതുവാന്‍കുടി ,കുത്തു പാറ, വെള്ളത്തൂവല്‍ ,ശല്യാംപാറ ,കല്ലാര്‍കുട്ടി, ആയിരംഏക്കര്‍ ,200 ഏക്കര്‍ പത്താംമൈല്‍ ,പടിക്കപ്പ്, ഇരുമ്പുപാലം മച്ചിപ്ലാവ് ,പോസ്റ്റ് ഓഫീസ് ,ചാറ്റുപാറ, കൂമ്പന്‍പാറ ,നായ്കുന്ന്,ആനവിരട്ടി, തോക്കുപാറ, എന്നീ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഏഴുമണിക്ക് ആനച്ചാലില്‍ സമാപിക്കും.