മൂവാറ്റുപുഴ: അക്ഷയ്ക്ക് തന്റെ ശരീരം ഒന്ന് അനക്കണമെങ്കില്‍ അമ്മയുടെ കൈതാങ്ങ് വേണം. എഴുന്നേറ്റ് നടക്കാന്‍ നാടിന്റെ കാരുണ്യം തേടി അക്ഷയ്. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് അരീയ്ക്കാപ്പിള്ളില് ജയന്, നിഷ, ദമ്പതികളുടെ മകന് അക്ഷയ് ജയന്(13)നാണ് ഈ ദുര്‍ഗതി.
ശരീരത്തിലെ പേശികളുടെ ബലം ക്ഷയിപ്പിക്കുന്ന മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ് ഈ 13-കാരന്. നാലാം വയസില്‍ നഴ്സറിയില്‍ പഠിക്കുമ്പോഴാണ് അക്ഷയ് ജയനില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ശരീരത്തിലെ കാലിന്റെ മസിലുകള്‍ക്ക് ബലമില്ലാതാകുകയും, ഒടുവില്‍ നടക്കാന്‍ കഴിയാതെ വരികയുമായിരുന്നു. മകന് എഴുന്നേറ്റ് നടക്കുന്നത് കാണാനായി കൂലിപ്പണിക്കാരനായ ജയന് ചികിത്സിക്കാത്ത ആശുപത്രികളില്ല. വിവിധ ആശുപത്രികളിലായി ഇരു കാലുകളിലും മൂന്ന് പ്രാവശ്യം ഓപ്പറേഷന് ചെയ്തു. ക്രിത്രിമമായി പേശികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തങ്കിലും അക്ഷയിന്റെ രോഗത്തിന് യാതൊരു കുറവുമില്ല. രോഗം മൂര്ജ്ജിച്ചതോടെ കൈകളുടെയും ശരീരത്തിലെ മറ്റ് അവയവങ്ങളുടെയും ബലം നഷ്ടപ്പെട്ടു. ഇതോടെ അക്ഷയ് കിടന്ന കിടപ്പിലായി.
ശരീരത്തിലെ ഏതെങ്കിലും അവയവം ഒന്നനക്കണമെങ്കില് അമ്മയുടെ സഹായം വേണം. ഒടുവില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സാറ നന്ദന മാത്യുവിന്റെ നേതൃത്വത്തില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഈ നിര്‍ദ്ധന കുടുംബം. ഏഴ് സെന്റ് സ്ഥലവും, അതില്‍ ഷീറ്റ് മേഞ്ഞ കൊച്ചു വീടുമാണ് ഇവര്‍ക്ക് സ്വന്തമായിട്ടുള്ളത്. കൂലിപ്പണിക്കാരനായ ജയന്റെ വരുമാനം കൊണ്ടാണ് ഈ നിര്‍ദ്ധന കുടുംബം കഴിയുന്നത്. അക്ഷയുടെ ചികിത്സയ്ക്കായി സൊസൈറ്റിയില്‍ നിന്നുമെടുത്ത വായ്പയുടെ പലിശയടക്കം ഒന്നര ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാത്തതിന് ജപ്തി ഭീഷണിയിലാണ് ഈ കുടുംബം. ഇതിന് പുറമേ വാട്ടര്‍ ചാര്‍ജ് അടയ്ക്കാത്തതിനാല്‍ ഈ കുടുംബത്തിന്റെ വാട്ടര്‍ കണക്ഷനും വിശ്ചേദിച്ചിരിക്കുകയാണ്. അക്ഷയെ കൂടാതെ മറ്റൊരു കുട്ടിയും ജയനുണ്ട്.
അക്ഷയിടെ ചികിത്സാ ചിലവിനും മറ്റുമായി ഉദാരമധികളുടെ സഹായം തേടുകയാണ് ഈ നിര്‍ദ്ധന കുടുംബം. അക്ഷയ് ജയന്റെയും, എ.റ്റി.ജയന്റെയും പേരില്‍ വെള്ളൂര്‍കുന്നം എസ്.ബി.ഐയുടെ ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-67179261428, ഐഎഫ്സി കോഡ്-എസ്.ബി.ഐ.എന്‍.0070836, ഫോണ്‍ നമ്പര്‍- 9946693543