മൂവാറ്റുഴുഴ: എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുകയാണന്ന് മുന്‍ എം എല്‍ എ ജോസഫ് വാഴക്കന്. പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ പണം മുടക്കി സ്റ്റാന്റില്‍ സൗജന്യ നിര്‍മ്മാണം നടത്തി പരിഹാരമുണ്ടാക്കിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചന്നും വാഴക്കന് ഫെയ്സ് ബുക്കില്‍ കുറിച്ചു.
വാഴക്കന്റെ പോസ്റ്റ്:
മൂവാറ്റുപുഴ കെ എസ് ആര് റ്റി സി ബസ് സ്റ്റാന്‍ഡ് നിര്‍മാണം. സത്യം മറച്ചു പിടിച്ചു അസത്യം വിളമ്പരുത്.
ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തെ കുറിച്ചുള്ള ആലോചന തുടങ്ങുന്നത് 2012 ല്‍ ശ്രീ വി എസ് ശിവകുമാര്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ഞാന്‍ എം എല്‍ എയുമായിരുന്നപ്പോഴാണ്. സത്യത്തില്‍ കെ എസ് ആര് റ്റി സിയുടെ 4 ഏക്കറോളം വരുന്ന ഈ ഭൂമിയുടെ പ്രമാണം പോലും ലഭ്യമായിരുന്നില്ല.
അതിന് വേണ്ടിയുള്ള അന്വേഷണത്തിനൊടുവില്‍ ജില്ല കളക്ടര്‍ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെയാണ് കെ എസ് ആര് റ്റി സിക്ക് കൈവശാവകാശം സ്ഥാപിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ ഉണ്ടാക്കാന്‍ എറണാകുളത്തെ രോഹിണി പ്രസാദ് എന്ന ആര്കിടെക്റ്റിനെയാണ് ചുമതലപ്പെടുത്തിയത്.
കെ എസ് ആര് റ്റി സി അധികൃതരും എം എല്‍ എയായ ഞാനും നിരവധി തവണ ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഏതാണ്ട് 8 കോടി രൂപാ ചിലവ് വരുന്ന കോംപ്ലക്സിന്റെ പ്ലാന്‍ തയ്യാറാക്കിയത്.
ഇതിന്റെ അംഗീകാരത്തിനായി മുനിസിപ്പാലിറ്റി വഴി ടൗണ്‍ പ്ളാനിംഗ് ഡിപ്പാര്‍ട്ട്മെന്റിന് അയക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു കുറച്ചു മാറ്റങ്ങള്‍ വരുത്തിയാണ് ഒരു വര്‍ഷം കൊണ്ട് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.
അതിനിടയില്‍ പഴയ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള അനുമതി നേടി. പൊളിക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഒരു കോടി രൂപാ എം എല്‍ എ, എംപി ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയതായി ഒരു അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ് പണിതു. അതിലേക്കു പ്രവര്‍ത്തനം മാറ്റിയ ശേഷം പഴയ സ്റ്റാന്‍ഡ് പൊളിക്കാനുള്ള നടപടി ആരംഭിച്ചു. അതിനും പല കടമ്പകള്‍ കടക്കേണ്ടി വന്നു.
അത് പൊളിക്കുകയും പിറകില്‍ 9 ബേ ഗ്യാരേജ് ഏതാണ്ട് ഒരു കോടി രൂപാ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു നല്കി. അതിന് ശേഷമാണു പുതിയ കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി തറക്കല്ലിട്ടത്. രണ്ട് കോടിയോളം രൂപാ സര്‍ക്കാരും കെ എസ് ആര് റ്റി സിയും അനുവദിച്ചു.
പുതിയ കെട്ടിടത്തിന്റെ റൂമുകള്‍ ലേലം ചെയ്തു. ആദ്യ ലേലത്തില്‍ തന്നെ ഏതാണ്ട് 4 കോടിയോളം രൂപാ കെ എസ് ആര് റ്റി സിക്ക് ലഭിച്ചു. ഇനിയും റൂമുകള്‍ ലേലം ചെയ്യാനുണ്ട്.
പണി വളരെ വേഗം മുന്നോട്ടു പോയി, 2016 സെപ്തംബറില്‍ കമ്മീഷന് ചെയ്ത് തുറന്ന് കൊടുക്കുവാനുള്ള ധൃതിയിലാണ് പണിതു കൊണ്ടിരുന്നത്.
2016 മെയ് മാസം സര്‍ക്കാര്‍ മാറി. പിന്നെ കാര്യമായ പുരോഗതി ഉണ്ടായില്ല. കരാറുകാരന് പൈസ കൊടുക്കാതെ പണി ഇഴയാന്‍ തുടങ്ങി. ആരും ഉത്തരവാദിയില്ലാതെയായി.
ലേലത്തില്‍ കിട്ടിയ 4 കോടി രൂപാ കെ എസ് ആര് റ്റി സി പെന്ഷന് കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞു മറിച്ചെന്ന് കേട്ടു.
ബാക്കി മുറികളുടെ ലേലവും മുടങ്ങി. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയപ്പോള്‍ അന്നത്തെ കെ എസ് ആര് റ്റി സി എം ഡി രാജമാണിക്യം ഒരു മീറ്റിംഗ് വിളിച്ചു. കരാറുകാരന് മാസം തോറും 10 ലക്ഷം വീതം നല്‍കണമെന്ന് പറഞ്ഞു. പണി പതിയെ തുടങ്ങി. പിന്നെ അതും നിന്നു.
മുന്പിലെ മണ്ണ് പോലും മാറ്റാന്‍ ആരും തയ്യാറായില്ല. ആരും തിരിഞ്ഞ് നോക്കാന്‍ ഇല്ലാതെയായി. മൂന്നു വര്‍ഷം ജനങ്ങള്‍ നടുറോഡില്‍ തെക്ക് വടക്ക് പരക്കം പാഞ്ഞു.
അവസാനം മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷന് എന്ന സംഘടന ( പൗര പ്രമുഖരും മുന്‍ ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ) കെ എസ് ആര് റ്റി സിയുടെ അനുമതി നേടി. സ്വന്തമായി സ്വരൂപിച്ച തുക കൊണ്ട് മുന്പിലെ സ്ഥലം ലെവല്‍ ചെയ്യുകയും,ടൈല്‍ വിരിക്കാനുള്ള നടപടി തുടങ്ങി. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ തുടങ്ങി.
പക്ഷെ ഇപ്പോഴും ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം നിലച്ചു തന്നെ കിടക്കുന്നു. പുതിയതായി ഒരു കല്ല് പോലും വക്കാന്‍ കഴിഞ്ഞിട്ടില്ല. നാല് കോടി രൂപാ ഇടത് സര്‍ക്കാര്‍ അനുവദിച്ചു എന്ന് എം എല്‍ എയുടെ പോസ്റ്റില്‍ കണ്ടു.
അത് എന്ന് നല്കി ?
ആര്‍ക്കു നല്കി ?
അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് പണി നടന്നില്ല ?
ഇത്രയും സത്യങ്ങള്‍ ഇതിന് പിന്നില്‍ ഉള്ളപ്പോള്‍ നാടിന്റെ നന്മക്കായി സ്വന്തം പണം മുടക്കി നാട്ടുകാരെ സഹായിക്കുന്നവരെ അപമാനിക്കരുത്.
നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.