കഡപ്പ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മകന് ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ 1500 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിക്കായി പ്രചാരണത്തിന് എത്തിയപ്പോള്‍ ആണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫറൂഖ് അബ്ദുള്ള ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജഗന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കഡപ്പയില്‍ നായിഡുവിനൊപ്പം പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ള ഞെട്ടിപ്പിക്കുന്ന ആരോപണം പുറത്തുവിട്ടത്.
വര്‍ഷം 2009. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മകന് ജഗന് ദില്ലിയിലെ എന്റെ വീട്ടില്‍ വന്നു. മുഖ്യമന്ത്രി പദവി കിട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയിരത്തി അഞ്ഞൂറ് കോടി നല്കാന് ഞാന്‍ തയ്യാറാണ് എന്ന് അയാള്‍ എന്നോട് പറഞ്ഞു…. കഡപ്പയില്‍ നായിഡുവിനായി വോട്ട് ചോദിക്കുന്നതിനിടെ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ജഗന് മോഹന്‍ റെഡ്ഡിക്കും ചന്ദ്രബാബു നായിഡുവിനും എതിരെ മാറി മാറി വരുന്ന ആരോപണങ്ങള്‍ പ്രചാരണവിഷയമാകുന്ന ആന്ധ്രയില്‍ പെട്ടെന്ന് തന്നെ പുതിയ വെളിപ്പെടുത്തല്‍ വിവാദമായി. ആരോപണം നിഷേധിച്ച് കോണ്‍ഗ്രസും െൈവസ്ആര് കോണ്‍ഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രിയാവാന്‍ ജഗന് പല വഴികള്‍ നോക്കിയിട്ടുണ്ടാകാം. എന്നാല്‍ ഹൈക്കമാന്റിന് പണം കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതവുമെന്നും അപമാനകരവുമെന്ന് പ്രതികരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.