- Manikkuttan I
തിരുവനന്തപുരം: കേരള എന്‍ഡിഎയില്‍ പിളര്‍പ്പിന്റെ മണിമുഴക്കം.തുഷാറിന് പിന്നാലെ ഘടകകക്ഷിനേതാവ് സികെ ജാനുവും നേതൃത്വത്തിനെതിരെ രംഗത്തെത്തി.രാജ്യസഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയശേഷം ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അവസാന നിമിഷം ഒഴിവാക്കിയത് ശരിയായില്ലെന്നും സി.കെ. ജാനു പറഞ്ഞു. എന്‍ഡിഎയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടകകക്ഷികള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു രംഗത്തെത്തി.
എന്‍ഡിഎയില്‍ മുന്നണി സഖ്യത്തിന് പ്രാധാന്യം നല്‍കുന്നില്ല. ബിജെപിയും ബിഡിജെഎസും മാത്രമല്ല എന്‍ഡിഎ. നിരവധി കക്ഷികളുണ്ട്. സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും എന്‍ഡിഎ എന്ന മുന്നണിയെ നില നിര്‍ത്തേണ്ടതും പ്രധാന കക്ഷിയെന്ന നിലയ്ക്ക് ബിജെപിയാണ്. എന്നാല്‍ അത്തരമൊരു ഇടപെടല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ജാനു ആരോപിച്ചു. ബിജെപിയുടെ അവഗണന തുടരുമ്പോള്‍ എന്‍ഡിഎയുമായി തുടര്‍ന്ന് പോകാനാവുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്നത് കൊണ്ട് വ്യക്തിപരമായ ഒരു പ്രതികരണം നടത്താനാവില്ല. നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സി.കെ. ജാനു പറഞ്ഞു.
അതേസമയം തുഷാറിനെ തഴഞ്ഞത് ആസുത്രണമായി തന്നെയെന്ന സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്.പോരിനുറച്ചാണ് ബിജെപി എന്നത് വ്യക്തമാക്കിയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി വി.മുരളീധരനെ രാജ്യസഭസ്ഥാനാര്ത്തിയാക്കിയതും.
മുന്നണി സഖ്യത്തെ നിലനിര്‍ത്താന്‍ എന്‍ഡിഎ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഘടകകക്ഷികളായ ഞങ്ങള്‍ക്ക് മനസിലായിട്ടില്ലന്ന് ജാനു പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളില്‍ എല്ലായിടങ്ങളിലും അവഗണിക്കപ്പെട്ട, ഇരകളായ ആളുകളാണ്. അതുകൊണ്ട് തന്നെ എന്‍ഡിഎയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്നും ജാനു കുറ്റപ്പെടുത്തി.
കേരളത്തിലെ ആദിവാസി മൂവ്മെന്റുകള്‍ ഒരുമിച്ച് നില്‍ക്കണം. ആദിവാസികളും ദളിതരുമാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരകളാകുന്നത്. ഇരകളെല്ലാം ഒരുമിച്ച് നിന്ന് പോരാടണം. ഇടത്-വലത് മുന്നണികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും വീതം വയ്ക്കാനായി ആദിവാസി സമൂഹം നിന്ന് കൊടുക്കരുത്. അതിന് വേണ്ടിയാണ് ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പാര്‍ട്ടി രൂപീകരിച്ചത്. ആദിവാസി ഗോത്രമഹാസഭയും മറ്റ് സംഘടനകളെയുമെല്ലാം ഒരുമിച്ച് കൂട്ടി ശക്തമാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഭാവിയില്‍ അത്തരം വലിയൊരു പ്രക്ഷോഭം ഉണ്ടാകേണ്ടതുണ്ടെന്നും ജാനു പറഞ്ഞു.
കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോംങ് മാര്‍ച്ചിന് എല്ലാ പിന്തുണയും നല്‍കണം, സമരം കൂടുതല്‍ ശക്തമാക്കണമെന്നും ജാനു പറഞ്ഞു. കര്‍ഷകരും ആദിവാസികളുമാണ് രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗം. അവര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഒറ്റയ്ക്കു തിന്ന് തീര്‍ക്കുകയല്ല ചെയ്യുന്നത്. അപ്പര്‍ ക്ലാസിനടക്കം ഭക്ഷിക്കാനുള്ളത് ഉത്പാദിപ്പിക്കുന്നത് ഞങ്ങളാണ്. തങ്ങള്‍ക്കെതിരെ നില്ക്കുന്നവരുടെ ജീവന് നിലനിര്‍ത്തുന്നതിന് ഈ മനുഷ്യര്‍ മണ്ണില്‍ പണിയെടുക്കണം. ആ കാര്യം ഭരണ വര്‍ഗ്ഗത്തിന് ഓര്‍മ്മ വേണം. കര്‍ഷക സമരത്തോടൊപ്പം തന്നെയാണ് ഞാനും പ്രസ്ഥാനവും. കേരളത്തില്‍ അത്തരമൊരു മുന്നേറ്റമുണ്ടായാല്‍ ആ സമരത്തിന് മുന്നില്‍ താനുണ്ടാകുമെന്ന് ജാനു വ്യക്തമാക്കി പുറത്തേക്കെന്ന സൂചനയും ജാനു ആവര്‍ത്തിക്കുന്നു.
അതെ സമയം സ്ഥാനാര്‍ത്തിത്വം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ തുഷാര്‍ നിലപാട് വ്യ്ക്തമാക്കാത്തതും ദുരൂഹമാണ്.