കോഴിക്കോട്: മൂന്ന് കേസുകളില്‍ അറസ്റ്റ് വാറണ്ടുള്ള കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു മത്സരിക്കുമെന്നുറപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പ്രകാശ് ബാബു നാളെ കോടതിയില്‍ ഹാജരാകുമെന്നും ജയിലില്‍ കിടന്നാണെങ്കില്‍ അങ്ങനെയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രകാശിനാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍ഡുകള്‍ വന്നിരിക്കുന്നത്. നിയമക്കുരുക്കിലാണെങ്കിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കോഴിക്കോട് പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്കണമെങ്കില് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രകാശ് ബാബുവിന് ജാമ്യം കിട്ടണം. എന്നാല്‍, പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്ന് സ്ഥാനാര്‍ത്ഥി നേരത്തെ പറഞ്ഞിരുന്നു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിന്റെ പേരിലുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്‍ഡ് നിലനില്‍ക്കുന്നവര്‍ക്ക് പത്രിക നല്‍കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് നിയമത്തില്‍ പറയുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട രണ്ട് കേസുകളില്‍ പത്രിക സമര്‍പ്പണത്തിന് മുന്‍പേ അതത് സ്റ്റേഷനുകളിലോ കോടതിയിലോ കീഴടങ്ങണം. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കൊടുക്കാത്തതിനാല്‍ കീഴടങ്ങിയാല്‍ കോടതി ജയിലിലേക്ക് അയക്കും. സ്ഥാനാര്‍ത്ഥി റിമാന്‍ഡിലാകുന്ന സാഹചര്യം. ഇതൊഴിവാക്കാന്‍ കരുതലോടെയാണ് പ്രകാശ് ബാബു നീങ്ങുന്നത്.