ന്യൂഡൽഹി∙ വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് സുപ്രീംകോടതി. ഹർജി ഭാഗികമായി അനുവദിച്ചു. മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം.
മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബിസിസിസി നിലപാട്.
ആറു വർഷത്തെ ദുരിതത്തിന് അറുതി വരുത്തണമെന്നായിരുന്നു ശ്രീശാന്തിന്റെ അഭ്യർഥന. 2013ലെ വാതുവയ്പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബിസിസിഐ വിലക്കിനെയാണ് ശ്രീശാന്ത് ഹർജിയിൽ ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ടായിട്ടും പോകാൻ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ശ്രീശാന്ത് പരാതിപ്പെട്ടു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്ക് മാത്രമാണ് ഏർപ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാൻ ഡൽഹി പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.