അങ്കമാലി : അങ്കമാലി നഗരസഭ 2018-19 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് താലൂക്കാശുപത്രിയില്‍ ആധുനിക രീതിയിലുള്ള ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. ആശുപത്രിയിലെ മെഡിക്കല്‍ മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ഉള്‍പ്പെടെ സംസ്ക്കരിക്കാന്‍ കഴിയുന്ന ഉപകരണമാണ് ഇന്‍സിനറേറ്റര്‍. ഒരു മണിക്കൂറില്‍ ഇത്തരത്തിലുള്ള 50 കിലോ മാലിന്യം സംസ്ക്കരിക്കാന്‍ കഴിയും. 40 അടി ഉയരത്തില്‍ പുക കുഴല്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പുകശല്യവും ഒഴിവാക്കാന്‍ കഴിയും അസെപ്റ്റിക്ക് സിസ്റ്റംസ് എന്ന കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണ് ഇന്‍സിനറേറ്റര്‍. 3 വര്‍ഷത്തേക്കുള്ള അറ്റകുറ്റപണികളുടെ ചുമതലയും കമ്പനിക്കാണ്.
താലൂക്കാശുപത്രി അങ്കണത്തില്‍ ചെയര്‍പേഴ്സണ്‍ എം.എ.ഗ്രേസി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജു പൗലോസ്, ഷോബി ജോര്‍ജ്, കൗണ്‍സിലര്‍മാരായ റീത്തപോള്‍, ടി.ടി. ദേവസ്സികുട്ടി, ടി. വൈ. ഏല്യാസ് എന്നിവര്‍ പ്രസംഗിച്ചു.