തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനമായി. ഒരു മുന്‍ എം എല്‍ എയും രണ്ടു സിറ്റിങ് എംഎല്‍എമാരും അടങ്ങുന്നതാണ് സിപിഐ പട്ടിക.. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂരില്‍ രാജാജി മാത്യു തോമസും മത്സരിക്കും. വയനാട്ടില്‍ പി.പി സുനീറും മത്സരിക്കും. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ ആണ് സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനമെടുത്തത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേര് തിരുവനന്തപുരം മണ്ഡലത്തിലേക്ക് ഒന്നാമതായി ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കു നല്‍കിയിരുന്നത്. കാനം മത്സരത്തിനില്ലെന്ന നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ പെയ്മെന്റ് സീറ്റ് വിവാദത്തില്‍ പെട്ട തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച വയ്ക്കണമെന്ന വാദം മുന്നോട്ടുവച്ചുകൊണ്ടാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുടെ പേരു നിര്‍ദേശിച്ചത്. കാനത്തിനു പുറമേ സി ദിവാകരന്, ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ എന്നിവരുടെ പേരും പട്ടികിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാനം പിന്‍വാങ്ങിയതോടെ ദിവാകരന്റെ പേരു ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ചിലര്‍ എതിര്‍പ്പ് അറിയിച്ചതായാണ് സൂചന. ജിആര്‍ അനിലിനെ സ്ഥാനാര്ഥിയാക്കുന്നതിനെയും പാര്‍ട്ടിയിലെ പ്രബല വിഭാഗം എതിര്‍ത്തു. ഇതിനിടെ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ പേരും പരിഗണനയ്ക്കു വന്നെങ്കിലും ഒടുവില്‍ സി ദിവാകരന്റെ പേരു നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന സി ദിവാകരന് നിലവില്‍ നെടുമങ്ങാട്ടു നിന്നുള്ള എംഎല്‍എയാണ്. ചിറ്റയം ഗോപകുമാര്‍ അടൂരില്‍നിന്നുള്ള നിയമസഭാംഗവും. തൃശൂരില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുള്ള രാജാജി മാത്യു തോമസ് നേരത്തെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. നിലവില്‍ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ പത്രാധിപരാണ്. മാവേലിക്കരയില്‍ എതിര്‍പ്പുകളില്ലാതെയാണ് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ പേരു നിശ്ചയിച്ചത്. തൃശൂരില്‍ സിറ്റിങ് എംഎല്‍എ സിഎന്‍ ജയദേവന്റെയും ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസിന്റെയും പേരുകളാണ് പ്രധാനമായും പരിഗണിച്ചത്. കെപി രാജേന്ദ്രന്റെ പേരും ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നു.