തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അവസാന റൗണ്ടില്‍ 21 സിനിമകളാണ് മത്സരിക്കുന്നത്.
മികച്ച നടന്, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, ഷാജി എന്‍ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.
വരത്തന്, ഞാന്‍ പ്രകാശന്, കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ. കുപ്രസിദ്ധ പയ്യന്, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹന്‍ലാല്‍ എന്നിവരാണ് നടന്മാരുടെ പട്ടികയില്‍ മുന്നിലുള്ളത്.
ആമിയിലൂടെ മഞ്ജു വാര്യര്‍, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തര് എന്നിവരാണ് നടിമാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പോലെ ചില അപ്രതീക്ഷിത സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ട്. കുമാര്‍ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.