സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന് ബാല രംഗത്ത്. സീരിയല്‍ താരം പ്രതീക്ഷയേ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. പ്രതീക്ഷയെ, ബാല വിവാഹം ചെയ്യാന്‍ പോവുകയാണെന്നും വിവാഹം ചെയ്തുവെന്നും ഉള്ള വാര്‍ത്തകളും വീഡിയോകളും കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു.
മുന്‍പ് ഗായിക റിമി ടോമി അവതാരകയായെത്തുന്ന ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പ്രതീക്ഷ തനിക്ക് ബാലയോടുള്ള ആരാധന തുറന്നു പറഞ്ഞിരുന്നു ‘പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ വീടിനടുത്ത് ഉദ്ഘാടനത്തിന് വന്ന ബാലയില്‍ നിന്ന് ഒരുപാട് പണിപ്പെട്ട് താന്‍ ഒരു ഓട്ടോഗ്രാഫ് സ്വന്തമാക്കിയെന്നും പ്രതീക്ഷ പറഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ സജീവമായത്.
ഇത്രയും നാള് വിവാദങ്ങള്‍ക്കെതിരെ താന്‍ പ്രതികരിച്ചിട്ടില്ലെന്നു പറയുന്ന ബാല എല്ലാവര്ക്കും വേണ്ടത് വിവാദങ്ങളാണെന്നു സത്യമോ, നല്ലതോ നിങ്ങള്‍ക്ക് കാണാന്‍ താല്പര്യമില്ല എന്നും പറയുന്നു.
ബാലയുടെ വാക്കുകള്‍
‘സോഷ്യല്‍ മീഡിയ എന്നത് വളരെ ശക്തിയുള്ള ഒന്നാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ഇതുവഴി ചെയ്യാന്‍ പറ്റും. പക്ഷെ ഇത് വളരെ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു രണ്ടു മൂന്നു വര്‍ഷമായി ഒരുപാട് വിവാദങ്ങളും എന്നെ വേദനിപ്പിക്കുന്ന സംഭവങ്ങളും കുറേ തെറ്റായ കാര്യങ്ങളും ഒക്കെ വരുന്നുണ്ട്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര വേദനിച്ചാലും ഞാന്‍ കാരണം നാല് പേര് സന്തോഷിക്കണം. എന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കാണും. എന്നെ കണ്ട് നിങ്ങളും സന്തോഷത്തോടെ ഇരിക്കണം. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്. പക്ഷെ ഇപ്പോള്‍ അടുത്ത ദിവസങ്ങളില്‍ എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കാര്യം കണ്ടു. വളരെ മോശമായ തെറ്റായ ഒരു കാര്യം. അത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കണം എന്ന് തോന്നി. ഇപ്പോള്‍ അടുത്ത് വന്ന വാര്‍ത്ത എന്താണെന്ന് വച്ചാല്‍ എന്റെ കല്യാണം ഉറപ്പിച്ചു, ഞാന്‍ കല്യാണം കഴിച്ചു എന്നെല്ലാമാണ്. ഇത് യൂട്യൂബില്‍ ആണ് ഞാന്‍ കണ്ടത്. നാല് അഞ്ച് ലക്ഷം ആള്ക്കാര് കണ്ടിട്ടുണ്ട്. ഭയങ്കര ട്രെന്‍ഡിങ് ആണ്.
അതിലെ ഫോട്ടോയില്‍ ഉള്ള പെണ്‍കുട്ടി, പ്രതീക്ഷ വെറും 22 വയസു മാത്രം പ്രായമുള്ള കുട്ടിയാണ്. ഒരു പാവപെട്ട വീട്ടിലെ, സാധാരണ ജീവിതം നയിക്കുന്ന കുട്ടി. സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അതിലെ വരുമാനം വച്ച് കുടുംബം നോക്കുന്നുണ്ട്. ആ കുട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു ചാനല്‍ പരിപാടിക്കിടയിലാണ്. അങ്ങനെ രണ്ടോ മൂന്നോ തവണയാണ് കണ്ടിട്ടുള്ളത്.
എനിക്കുള്ള ഒരു ചോദ്യം, എന്നെക്കുറിച്ച് നിങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട് പറഞ്ഞോളൂ. ബാലയ്ക്ക് എന്തും താങ്ങാനാകും. പക്ഷെ നിങ്ങളിങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നാളെ ആ പെണ്‍കുട്ടിക്ക് ഒരു വിവാഹാലോചന വന്നാല്‍, ഇത് അവരെ ബാധിക്കില്ലേ.? എത്ര വലിയ ദുരവസ്ഥയാണ് നിങ്ങള്‍ അവരുടെ കുടുംബത്തിന് ഉണ്ടാക്കി വച്ചത്. പ്രതീക്ഷ എന്താണ് അന്ന് ആ പരിപാടിയില്‍ പറഞ്ഞത്? ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്ബോള്‍ ഞാന്‍ ഒരു പരിപാടിക്ക് പുനലൂരില്‍ പോയപ്പോള്‍ എന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിട്ടിയിട്ടുണ്ട്, എന്റെ വലിയൊരു ആരാധികയാണ് എന്ന്. ഒരു അഭിനേതാവിന്റെ ഫാന്‍ ആയി ഇരിക്കുന്നത് അത്ര വലിയ തെറ്റാണോ? അതിനാണോ ഇത്ര വലിയ തെറ്റായ ഒരു ഇന്‍ഫര്‍മേഷന്‍ നിങ്ങള്‍ പ്രചരിപ്പിച്ചത്?. അതും അവരുടെ അമ്മയുമായി നില്ക്കുന്ന ഒരു ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ് ആണ്. ആ കുടുംബത്തെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു. ഇത്രയധികം ആള്ക്കാര് അത് കണ്ടു.
ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഞാന്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയാല്‍ അവിടെ ബാല ജയിക്കും. പക്ഷെ വേണ്ട എന്ന് വച്ചിരിക്കുന്നതാണ്. പക്ഷെ എന്നെ വെറുതെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്. ആ ഒരു സ്നേഹത്തിന് വേണ്ടി മാത്രം ഞാന്‍ നിശബ്ദനായി ഇരിക്കുകയാണ്. പക്ഷെ ആ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്. വീടും നാടും വിട്ടു ഞാന്‍ ഇവിടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്ക്കാണ്. നല്ലവരായ പ്രേക്ഷകര്‍ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥിക്കൂ. എല്ലാവരെയും സ്നേഹിക്കൂ. ദയവായി ചിന്തിക്കുക. നിങ്ങള്‍ക്കും ഒരു കുടുംബമില്ലേ. സ്വന്തം കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ. ഇല്ലല്ലോ…ചിന്തിക്കൂ…