ദില്ലി: ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ തന്റെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആഞ്ഞടിച്ചത്. കാവല്‍ക്കാരനെ കള്ളന് കുറ്റപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് നരേന്ദ്രമോദി തിരിച്ചടിച്ചു. നരേന്ദ്രമോദിക്ക് എതിരെ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്ക്കാരന് കള്ളനാണ്) എന്ന പ്രയോഗത്തിനാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. കോണ്‍ഗ്രസ് ഭരണഘടനാ സംവിധാനങ്ങളെ അപമാനിച്ച പാര്‍ട്ടിയാണ്. സ്വന്തം സ്വത്ത് വര്‍ദ്ധിപ്പിക്കാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചത്. പൊതുമുതല്‍ കൊള്ളയടിച്ചവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ കാലത്ത് അഴിമതി ചിതല് പോലെ രാജ്യത്തെ കാര്‍ന്നുതിന്നുകയായിരുന്നു. കോണ്‍ഗ്രസ് സഹായിച്ച കള്ളന്മാരെ തന്റെ സര്‍ക്കാര്‍ നിയമം ഉപയോഗിച്ച് പിടികൂടിക്കൊണ്ടിരിക്കുകയാണ്. തന്റെ സര്‍ക്കാര്‍ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കും. ഈ പോരാട്ടത്തില്‍ നിന്ന് പുറകോട്ട് പോകില്ല. നോട്ട് നിരോധനത്തിലൂടെ മൂന്ന് ലക്ഷം വ്യാജകമ്ബനികളാണ് പൂട്ടിപോയതെന്നും വിദേശ സഹായം വാങ്ങി പ്രവര്‍ത്തിച്ചിരുന്ന ഇരുപതിനായിരം എന്‍ജിഒകള്‍ പൂട്ടേണ്ടി വന്നെന്നും മോദി അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ റാഫാല്‍ ആരോപണത്തിനും മോദി പാര്‍ലമെന്റില്‍ മറുപടി നല്കി. വായുസേനയെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. ദേശീയ സുരക്ഷവെച്ചാണ് കോണ്‍ഗ്രസ് കളിക്കുന്നത്. കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ഗൂഡാലോചനയുണ്ട്. മറ്റാരുടേയോ ഉത്തരവാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങിനല്‍കാത്ത സര്‍ക്കാരായിരുന്നു കോണ്‍ഗ്രസിന്റേതെന്നും തന്റെ സര്‍ക്കാരാണ് സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി നല്‍കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് ഒരു കാലത്തും ഇടനിലക്കാരനില്ലാതെ പ്രതിരോധ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.