തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി നടന് പ്രേംകുമാര്‍ സമരപ്പന്തലില്‍ എത്തി. ജനുവരി 30 നാണ് ഇവര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണിസമരം തുടങ്ങിയത്. ദുരിതബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പത് പേരാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലുള്ളത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്ക്കും നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.