ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെ സർവ്വേ ഫല സൂചനകൾ. 2017 ജനുവരിയെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതിയിൽ 19 ശതമാനം കുറഞ്ഞെന്നാണ് സർവ്വേ ഫലം. അതേസമയം രാഹുൽ ഗാന്ധിയുടെ ജനപ്രീതി കുത്തനെ കൂടിയെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ഫലം വ്യക്തമാക്കുന്നു. രണ്ട് വർഷം കൊണ്ട് 10ൽ നിന്ന് 34 ശതമാനാമായാണ് രാഹുലിന്റെ ജനപ്രീതി വളർന്നത്. 97 ലോക്സഭാ മണ്ഡലങ്ങളിലെ 12000 വോട്ടർമാർക്കിടയിലായിരുന്നു സർവ്വേ. തെരെഞ്ഞെടുപ്പ് വരെ മോദിയുടെ പ്രശസ്തി നിലനിൽക്കുമെന്നും ഇന്ത്യ ടുഡേയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2017 ജനുവരിയിൽ 65 ശതമാനമാളുകളുടെ പ്രിയ നേതാവായിരുന്നു മോദിയെങ്കിൽ 2019 ജനുവരിയോടെ ഇത് 46 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ, ദുർബലമായ സാമ്പത്തിക സ്ഥിതി, കാർഷിക മേഖലയിലെ തിരിച്ചടി എന്നിവയാണ് മോദിക്ക് തിരിച്ചടിയായതെന്നും സർവ്വേയിൽ പറയുന്നു. നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഈ ഇടിവ്. എങ്കിലും മോദി തന്നെയാണ് ജനപ്രിയ നോതാക്കളിൽ മുന്നിൽ.