തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക കണ്ടക്ടർമാർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നും ശയനപ്രദക്ഷിണ സമരം തുടരും. കൂടുതൽ രാഷ്ട്രീയ നേതാക്കൾ ഇന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തും. 25നാണ് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നത്. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം പെൻഷൻ അനുവദിക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുളള സേവന കാലാവധിയും കണക്കിലെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആര്.ടി.സി സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതും കോടതിയുടെ മുന്നിൽ വരും. മാസം 110 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും വ്യക്കമാക്കി കെ.എസ്.ആര്.ടി.സി നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ നാനൂറ്റി ഇരുപത്തിയെട്ട് കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ.