വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. മുകേഷിന്റെ ഏറെ വിവാദമായ ഫോട്ടോഷൂട്ടിന് പിന്നാലെയാണ് പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഫോട്ടോഷൂട്ടില്‍ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രായപൂര്‍ത്തിയാത്ത കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി റീല്‍സില്‍ അഭിനയിപ്പിച്ചതിനാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ഷൂട്ടിംഗിനായി എത്തിച്ച കോര്‍ഡിനേറ്റര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയ്ക്ക് 15 വയസാണ് പ്രായം.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് ഒന്നരമാസം മുന്‍പാണ് റീല്‍സിന്റെ ചിത്രീകരണം നടന്നത്. മുകേഷ് ഇത് വിവിധ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുകയും വിഡിയോയ്ക്ക് നിരവധി വിമര്‍ശനങ്ങള്‍ വരികയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് ശരീരത്തില്‍ സ്പര്‍ശിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതെന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. മുന്‍പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തതിനും മുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.