കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ പ്രധാന കണ്ണി കസ്റ്റഡിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർത്ഥി ആഷിഖ് ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചെയോടെയാണ് ആഷിഖിന് കസ്റ്റഡിയിലെടുത്തത്. കോളജിലെ സെം ഔട്ടായ വിദ്യാർഥിയാണ് ആഷിഖ്. ഇയാൾ നിരന്തരം കോളജ് ഹോസ്റ്റലിൽ എത്താറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കേസിൽ പിടിയിലായ ആകാശിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ആഷിഖ് ആണ് കഞ്ചാവ് കൈമാറിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ ആഷിഖിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വ്യാഴാഴ്ച എട്ടു മണിയോടെ ആഷിഖ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയത്. ആഷിഖ് മുൻപും കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. ഡാൻസാഫും കളമശേരി പൊലീസും ചേർന്നാണ് ആഷിഖിനെ കസ്റ്റഡിയിലെടുത്തത്.
ആഷിഖിന് ആകാശ് എത്ര രൂപ നൽകിയതിലും ഇയാളും ഫോണും പൊലീസ് പരിശോധിക്കും. ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് ഓഫറിൽ എന്നാണ് പ്രതികളുടെ മൊഴി. മുൻകൂറായി പണം നൽകുന്നവർക്കാണ് ഓഫർ അനുകൂല്യം ലഭിക്കുക. ആകാശിന്റെ ഫോൺ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസിൽ ആകാശിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആകാശിന്റെ മുറിയിൽ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്ഡ് നടക്കുമ്പോൾ ഇവർ മുറിയിൽ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.