മൂവാറ്റുപുഴ : മാറാടി ഗ്രാമ പഞ്ചായത്തിന് മാത്യു ജോസിന്റെ കാരുണ്യ സ്പർശം, 46.50 ലക്ഷം രൂപ ചിലവിൽ പ്രൈമറി ഹെല്‍ത്ത് സെന്ററിന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമ്മാണം തുടങ്ങി. കോയമ്പത്തൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വരുന്ന മാറ്റ്സ്പിന് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മാത്യു ജോസ്. ഇദ്ദേഹത്തിൻറെ സാമ്പത്തിക സഹായത്തോടെയാണ് ആശുപത്രി ഒരുക്കുകയെന്നും ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓ. പി ബേബി പറഞ്ഞു
അഞ്ച് വര്‍ഷം മുമ്പ് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യവികസനത്തിനായി യാതൊരു ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതോടെയാണ് മാറാടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വീനസ് ഗാര്‍മെന്റ്സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഉടമ മാത്യൂ ജോസ് എന്ന വ്യക്തിയെ ടി പദ്ധതിയ്ക്കായി ഗ്രാമ പഞ്ചായത്ത് സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള മാറ്റ്സ്പിന് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഗ്രാമ പഞ്ചായത്തിന്റെ ഈ ആവശ്യം അംഗീകരിക്കുകയും 46.50 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു. 21.50 ലക്ഷം രൂപചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി. തുടര്‍ന്നുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നതായി പ്രസിഡൻറ് അറിയിച്ചു.
ഗ്രാമീണ മേഖലയിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് മാത്യു ജോസ് പറഞ്ഞു. നിര്‍മ്മാണം പൂര്ത്തിയാകുന്നതോടൂകൂടി ഗ്രാമീണ മേഖലയിലെ നിരാലംബരായ നൂറുകണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് ഓ പി ബേബി പറഞ്ഞു.
വിശപ്പ് രഹിത മാറാടി എന്ന ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പിനായി 4,32,000/- രൂപ മാറ്റ്സ്പിന് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്, അനുവദിച്ചിട്ടുളളതും അതിലൂടെ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്ന 39 കുടുബങ്ങള്‍ക്ക് 1100/- രൂപ വിലവരുന്ന അവശ്യസാധനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യകിറ്റ് 2024 ഏപ്രില്‍ മാസം മുതല്‍ വിതരണം ചെയ്ത് വരുന്നതുമാണ്. വരും വര്‍ഷങ്ങളിലും ഗ്രാമ പഞ്ചായത്തിന്റെ വിശപ്പ് രഹിത മാറാടി എന്ന പദ്ധതിയ്ക്കായി സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും സ്ഥാപനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു.