കൽപ്പറ്റ : ഉരുൾപൊട്ടൽ പുനരധിവാസത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ച് വയനാട്ടിൽ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. രാവിലെ പത്ത് മുതൽ തുടങ്ങുന്ന സമരത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർ പങ്കെടുക്കും. വയനാട് കലക്ടറേറ്റിന് മുൻപിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ പുത്തുമലയിലെത്തി ദുരന്തത്തിൽ മരിച്ചവർക്ക് സമരക്കാർ ആദരാഞ്ജലി അർപ്പിക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് മാത്രം നൽകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.
ദുരന്തബാധിതരോട് കേന്ദ്ര അവഗണന : ദില്ലിയിൽ ഇന്ന് എൽഡിഎഫ് രാപ്പകൽ സമരം
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നത്. രാവിലെ 10 മണിയോടെ കേരള ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ സമരം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എൽഡിഎഫ് വയനാട് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും സമരം ജന്തർ മന്തറിൽ മാത്രമേ അനുവദിക്കു എന്ന നിലപാടിലാണ് ദില്ലി പൊലീസ്.വയനാട്ടിലെ ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2,000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ദുരന്തബാധിതർ ഉൾപ്പെടെ 165 പേർ സമരത്തിൽ പങ്കെടുക്കും.