ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി. അയനവാരം സ്വദേശി രോഹിത് ആണ് മരിച്ചത്. കുട്ടിയെ സ്വകാര്യആശുപത്രിയിലെ ഡോക്ടർ വീഡിയോ കോളിലൂടെയാണ് ചികിത്സിച്ചതെന്ന് പരാതി. ടൈഫോയിഡ് ബാധിച്ച കുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി.
പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ പലതവണയായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. കുട്ടിക്ക് കുറച്ചുനാളുകളായി പനിയുണ്ടായിരുന്നു. തുടര്‍ന്ന് രക്തം പരിശോധിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇതിലാണ് കുട്ടിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. കുട്ടിയെ മൂന്ന് ദിവസം അഡ്മിറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.
കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം ഡോക്ടർ മാർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശേഷം ഒരു ഡോക്ടർ വീഡിയോ കോള്‍ ചെയ്ത് കുട്ടിയെ പരിശോധിച്ചു. തുടർന്ന് ഒരു കുത്തിവെപ്പിന് നിർദേശം നൽകുകയും ചെയ്തു. കുത്തിവെയ്പ്പിന് പിന്നാലെയാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയാറായില്ലായിരുന്നു. മൃതദേഹം വിട്ടുനൽകാനും ആശുപത്രി തയാറായില്ല. ബന്ധുക്കളെ ആശുപത്രിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ വലിയ പ്രതിഷേധം ആണ് ഉയർന്നത്.