മുവാറ്റുപുഴ : മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച സ്പെഷ്യല്‍ ബ്ലോക്ക് പദ്ധതി നഷ്ടപ്പെട്ടത് മുന്‍ എംഎല്‍എയുടെ പരാജയമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചെങ്കിലും മുന്‍ എംഎല്‍എയുടെ അനാസ്ഥ മൂലം തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല. 2019-20 വര്‍ഷത്തെ ബജറ്റിലാണ് പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ 5 കോടി രൂപ അനുവദിച്ചത്. പദ്ധതിയുടെ 20 ശതമാനം വരുന്ന 1 കോടി രൂപ ബജറ്റ് പ്രൊവിഷന്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം മുന്‍ എംഎല്‍എയോ അദ്ദേഹത്തിന്റെ ഓഫീസോ പദ്ധതിയുടെ തുടര്‍ നടപടികളില്‍ ശ്രദ്ധ ചെലുത്തിയില്ല എന്നാണ് മാത്യു കുഴല്‍നാടന്റെ വിശദീകരണം.
ബജറ്റില്‍ പദ്ധതിക്ക് തുക അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനകം അതിന്റെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പിനെ കൊണ്ട് തയ്യാറാക്കി സമര്‍പ്പിച്ചു ഭരണാനുമതി ലഭ്യമാക്കണം എന്നതാണ് ചട്ടം. ഇതിന് സാധിച്ചില്ലെങ്കില്‍ തുടര്‍ന്ന് വരുന്ന വര്‍ഷത്തെ ബജറ്റില്‍ ഈ പദ്ധതി വീണ്ടും ഉള്‍ക്കൊള്ളിക്കണം. ഇത് രണ്ടും സംഭവിച്ചിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പദ്ധതി മുവാറ്റുപുഴക്ക് നഷ്ടമായെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. പദ്ധതിക്ക് ഭരണാനുമതി പോലും ലഭ്യമാക്കാന്‍ മുന്‍ എംഎല്‍എക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയം 2021സെപ്റ്റബറില്‍ താന്‍ ധനകാര്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു. തന്റെ രാഷ്ട്രീയ മര്യാദ മൂലം മുന്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ മറച്ചു വെച്ചാണ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ടതും പദ്ധതിക്ക് വീണ്ടും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതും. ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ടതിന് ശേഷം 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റിലേക്കും ജനറല്‍ ആശുപത്രി സ്പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണത്തിനായി പദ്ധതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം ആ ബജറ്റില്‍ പദ്ധതിക്ക് തുക അനുവദിച്ചില്ല.
ഇതോടൊപ്പം ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനം മുന്നില്‍ കണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ധനകാര്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും എംഎല്‍എ അറിയിച്ചു.