കോഴിക്കോട്: മലയാളത്തിന്റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനായി പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്, കടന്നപ്പള്ളി രാമചന്ദ്രന്, വി അബ്ദുറഹിമാന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്, കെ സുരേന്ദ്രന് സംവിധായകന് ഹരിഹരന്, സത്യന് അന്തിക്കാട്, ലാല്‍ ജോസ്, നടന് വിനീത്, എം മുകുന്ദന്, കെകെ ശൈജ, ജോയ് മാത്യു,കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന് മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വായുദേവന് നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടിയെന്ന് തമിഴനാട് മുഖ്യമന്ത്രി സ്റ്റാലിനും പറഞ്ഞു.
പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈയിലായിരുന്നു ജനനം. എം ടി എന്ന ചുരുക്കപ്പേരില്‍ മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപകന്, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെസി ഡാനിയല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം മുതലായ ഉന്നത പുരസ്കാരങ്ങള്‍ ലഭിച്ചു. പാതിരാവും പകല്‍വെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും 1954 ല്‍ ആദ്യം പ്രസിദ്ധീകരിച്ചത് നാലുകെട്ടായിരുന്നു. എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തത് നാലുകെട്ട് ആയിരുന്നു. മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്, നാടകകൃത്ത് എന്നീ നിലകളില്‍ സുധീര്‍ഘമായ കാലം മലയാള സാഹിത്യ മണ്ഡലത്തില്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി നിറഞ്ഞുനിന്നു. ഒമ്പത് കഥകളുടെ സിനിമാസമാഹാരത്തിന്റെ ട്രയിലര്‍ ‘മനോരഥങ്ങള്‍’ പുറത്തിറങ്ങുന്ന ചടങ്ങില്‍ കൊച്ചിയിലാണ് ഒടുവിലായി എംടി പങ്കെടുത്തത്.