മൂവാറ്റുപുഴ: കിഴക്കേക്കര ബൈപാസിന് ഭരണാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്കി. മൂവാറ്റുപുഴയിലെത്തിയ മന്ത്രിക്ക് മൂവാറ്റുപുഴ-തേനി റോഡും മൂവാറ്റുപുഴ-പുനലൂര്‍ ബന്ധിപ്പിച്ചുള്ള കിഴക്കേക്കര ബൈപാസ് റോഡ് നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടാണ് മുന്‍ എംഎല്‍എമാരായ ബാബു പോള്‍, ഗോപി കോട്ടമുറിക്കല്‍, മുന്‍ നഗരസഭ ചെയര്മാന് പി എം ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയും പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയും തമ്മില്‍ ബന്ധിപ്പിച്ച് ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനായി 2010-11 സാമ്പ ത്തിക വര്‍ഷത്തിലെ സംസ്ഥാന ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷനായി ഫണ്ട് വകയിരുത്തുകയും 5 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഭരണാനുമതിയ്ക്കായി ഗവണ്മെന്റില് കത്ത് നല്‍കിയിരുന്നു. ഇതോടൊപ്പം സമര്പ്പി ച്ചിരുന്ന അലൈന്‍മെന്റിനെതിരെ മുവാറ്റുപുഴ നിര്‍മ്മലാ കോളേജ് മാനേജ്മെന്റ് ആക്ഷേപം ഉന്നയിക്കുകയും കോടതിയില്‍ വ്യവഹാരത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിനാല്‍ തുടര്‍നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അലൈന്മെന്റില് മാറ്റം വരുത്തുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യവഹാരം അവസാനിപ്പിച്ച് കോടതി വിധി വരികയും ചെയ്തു.
തുടര്‍ന്ന് മറ്റൊരു അലൈന്മെന്റ് തയ്യാറാക്കി ഗവണ്മെന്റില് സമര്‍പ്പിച്ച് 2019 -ല്‍ അംഗീകാരം ലഭിച്ചുവെങ്കിലും നാളിതുവരെ ഈ ബൈപാസ് നിര്‍മ്മാണത്തിന് ഗവ ണ്മെന്റ് ഭരണാനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് മൂവാറ്റുപുഴ നഗരത്തിലെ വളരെ പ്രധാനപ്പെട്ട മൂവാറ്റുപുഴ-തേനി റോഡും പുനലൂര്‍-മൂവാറ്റുപുഴ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കേക്കര ബൈപാസ് റോഡിന് ഭരണാനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.