സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ് സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു.
ഈ തീർഥാടന കാലത്ത് ഇതുവരെ 5,99,781 പേർക്ക് സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്. സന്നിധാനത്ത് മാത്രം 4,047,81 പേർക്ക് അന്നദാനമൊരുക്കി. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയും മധ്യാഹ്നത്തിൽ പുലാവും രാത്രിയിൽ കഞ്ഞിയും അച്ചാറും കൂട്ടുകറിയുമാണ് ഇവിടെ തികച്ചും സൗജന്യമായി നൽകുന്നത്.
സന്നിധാനത്തിനൊപ്പം നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും ദേവസ്വം ബോര്‍ഡ് അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ ഇതിനകം 1,56,000 പേർക്കും നിലയ്ക്കലിൽ 39,000 പേർക്കും സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്.