സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയർ പറഞ്ഞു.
മേയർ ഫേസ്ബുക്കിൽ കുറിച്ചത്
ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ നമുക്ക് ഏറ്റെടുത്തു നടപ്പിലാക്കുവാൻ കഴിഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണവും തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നു. കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയർ, വീൽ ചെയർ എന്നിവ വിതരണം ചെയ്തു.
വഴുതക്കാട് ഗവ. VHSS ഡെഫ് സ്കൂളിലും ബ്ലൈൻഡ് സ്കൂളിലും ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിങ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള പാർക്ക് എന്നിവ ഉൾപ്പടെ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ്.
നഗരസഭ നിർമ്മാണം പൂർത്തിയാക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും പാർക്കുകളും ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഉപജീവനത്തിന് ആവശ്യമായ പദ്ധതി സഹായവും നൽകി വരുന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരെയും നമുക്കൊപ്പം കൂട്ടി നമ്മുടെ നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ നമ്മുക്ക് ഒരുമിച്ചു മുന്നേറാം…