കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ പൂർണമായി ഒഴിപ്പിച്ച് മരട് നഗരസഭ. കർണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്.ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവാ സംഘാംഗം സന്തോഷ് സെൽവത്തെ കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നും പിടികൂടിയതിന് പിന്നാലെയാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാനുള്ള മരട് നഗരസഭയുടെ തീരുമാനം.
രണ്ടുദിവസം മുൻപ് ഒഴിപ്പിക്കലിനായി നഗരസഭ ആരോഗ്യ വിഭാഗം എത്തിയപ്പോൾ സാവകാശം വേണമെന്നും സ്വയം ഒഴിഞ്ഞു പോകാമെന്നുമായിരുന്നു കുട്ടവഞ്ചിക്കാർ നഗരസഭയ്ക്ക് നൽകിയ മറുപടി. ഇന്ന് വൈകിട്ട് 4 മണിയോടെ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.
ഒഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമെങ്കിൽ താൽക്കാലിക താമസസൗകര്യം ഉറപ്പാക്കാമെന്ന് നഗരസഭ വ്യക്തമാക്കി. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും കുട്ടവഞ്ചിക്കാരെയും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് കത്ത് ലഭിച്ചിരുന്നു . അതിന് പിന്നാലെയാണ് നഗരസഭ നടപടികളിലേക്ക് കടന്നത്.