തിരുവനന്തപുരം: ആനവണ്ടിയില്‍ തുടങ്ങിയ പ്രണയം സാഫല്യമായപ്പോള് വിവാഹത്തിനും ബസിനെ കൂടെകൂട്ടിയ ‘ആനവണ്ടി’യെ മറക്കാത്ത നവദമ്പതിമാര്‍ക്ക് മന്ത്രിയുടെ ആദരവ്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ തമ്പാനൂരിലുള്ള കേരള കോണ്‍ഗ്രസ്(ബി) ഓഫീസില്‍വെച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാറും, പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് നവദമ്പതിമാരായ ചീനിവിള അരുണ്‍നിവാസില്‍ അമലിനെയും, അഭിജിതയെയും പൂച്ചെണ്ടും, മധുരപലഹാരങ്ങളും നല്കി ആദരിച്ചു.
പഠിക്കുന്ന കാലത്ത് അമല്‍ നിവേദനങ്ങളിലൂടെ നേടിയതാണ് ചീനിവിള-അണപ്പാട് വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസ്. പഠനം കഴിഞ്ഞ് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ അമല്‍ ജോലിക്കു പോകുന്നതും ഇതേ ബസില്ത്തന്നെയായിരുന്നു. ബസിലെ സ്ഥിരം യാത്രക്കാരിയായ അഭിജിതയെ പരിചയപ്പെടുന്നതും ഇതേ ബസില്‍വെച്ചു തന്നെയാണ്.
ഇരുവരുടെയും സൗഹൃദം വിവാഹത്തിലേക്കെത്തിയപ്പോള്‍ ആനവണ്ടിയെ മറക്കാന്‍ അമലിനായില്ല. ചെങ്കല്‍ മഹാദേവക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന താലികെട്ടിന് ഇതേ ബസ് തിരഞ്ഞെടുത്തതാണ് മന്ത്രിയുടെ ആദരവിന് അര്‍ഹമാക്കിയത്. ഒരുപാട് പേരെ കണ്ടുമുട്ടാനും പരിചയപ്പെടാനും കഴിയുന്നത് ബസിലാണെന്നും ഒരുപാട് സന്തോഷമുണ്ടെന്നും കെ.എസ്.ആര്.ടി.സി.യുടെ എല്ലാവിധ മംഗളാശംസകള്‍ നേരുന്നുവെന്നും ഗണേഷ്കുമാര് പറഞ്ഞു