പെരുമ്പാവൂര്‍: മഞ്ഞപ്ര മൃഗാശുപത്രിയുടെ മതില് കെട്ടിനുള്ളില്‍ അനധികൃതമായി മൂത്രപ്പുര പണിയുന്നതിനെതിരെ മൃഗ സംരക്ഷണ വകുപ്പു ജില്ലാ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളും ഉള്‍പ്പെടെ ഒരു മാസം 900ല്‍ അധികം ജീവികള്‍ക്ക് ഇവിടെ ചികിത്സ നല്‍കുന്നുണ്ടെന്നും മൃഗാശുപത്രി പരിസരത്ത് ആളുകള്‍ കൂടുതല്‍ വരുന്നത് ഇവയ്ക്ക് വിഭ്രാന്തിക്കും വിരളാനും സാധ്യത സൃഷ്ടിക്കുമെന്നും പരാതിയില്‍ അറിയിച്ചിട്ടുണ്ട്.
അപരിചിതരുടെ കൂടുതല്‍ സാന്നിധ്യം നായ്ക്കള്‍ അക്രമാസക്തരാകാന്‍ ഇടയാക്കും. സ്ഥിരമായി അസുഖങ്ങളുള്ള മൃഗങ്ങളെ കൊണ്ടുവരുന്ന സ്ഥലത്ത് സാധാരണ മനുഷ്യര്‍ കൂടുതലായി വരുന്നത് അസുഖങ്ങള്‍ പകരാനുള്ള സാഹചര്യം ഒരുക്കും. ജനകീയാസൂത്രണ പദ്ധതികളില്പ്പെടുന്ന ആട്, കോഴി വിതരണം, കന്നുകുട്ടി പരിപാലനം എന്നിവ നടത്തുന്ന സ്ഥലത്താണ് മൂത്രപ്പുര നിര്‍മ്മാണം. മൃഗസംരക്ഷണവകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ ജില്ലാ കളക്ടര്‍ക്കു കൂടാതെ ജില്ലാ പോലീസ് സുപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ടെന്നും വിഷയം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.