ദീപാവലിയുടെ സമാപനത്തിന് വിചിത്ര ആചാരവുമായി തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുക. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഏകദേശം 300 വർഷം പഴക്കമുള്ള ഒരു ആഘോഷമാണിത്, ദീപാവലി ആഘോഷത്തിൻ്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഗ്രാമവാസികൾ ഒത്തുകൂടുന്നു. തുടർന്ന് അവർ പരസ്പരം ചാണകം വാരി എറിയുന്നു. ഇതാണ് ചടങ്ങ്.
ദീപാവലി കഴിഞ്ഞ് നാലാം ദിവസം ആണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സമീപത്തെ ബിരേശ്വര ക്ഷേത്രത്തിൽ ഇത്തരമൊരു ആചാരം നടക്കുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കന്നുകാലികളുടെ ചാണകം ഞായറാഴ്ച രാവിലെ ശേഖരിച്ച് കുഴിയിൽ നിറച്ചിടും.
നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയിൽ നിന്ന് പണ്ട് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോൾ ബീരേശ്വരർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യും.