തിരുവനന്തപുരത്ത് സ്കൂൾ പിടിഎ പാനൽ തെരഞ്ഞെടുക്കാത്തതിലുള്ള വിരോധം മൂലം
ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയ CPIM നേതാക്കൾക്കെതിരെ കേസ്. CPIM കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ബൈജു, പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം അരുൺ എന്നിവർക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. കിളിമാനൂർ ടൗൺ യുപിഎസ് ഹെഡ്മാസ്റ്റർ നിസാർ എം നൽകിയ പരാതിയിലാണ് കേസ്.
ഇക്കഴിഞ്ഞ 29 ന് നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ നേതാക്കൾ പിന്തുണക്കുന്ന പാനൽ തിരഞ്ഞെടുക്കാത്തതിലുള്ള വിരോധമാണ് പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്താൻ കാരണം. വീട്ടിലേക്ക് ഇറങ്ങവെ ഹെഡ്മാസ്റ്റർ നിസാറിനെ സ്കൂളിന് മുന്നിൽ വെച്ച് ബൈജു ബൈക്കിൽ എത്തി കാർ തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്താതായാണ് പരാതി. സ്കൂളിനകത്തു വച്ചാണ് രക്ഷകർത്താവ് പോലും അല്ലാത്ത പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം അരുൺ, നിസാറിനെ ഭീഷണിപ്പെടുത്തിയത്.
ബൈജുവിനും അരുണിനും എതിരെ കേസെടുത്ത കിളിമാനൂർ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി വെവ്വേറെ FIR ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിഎ യോഗം തർക്കം കാരണം അലങ്കോലപ്പെടുകയും പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് തെരഞ്ഞെടുപ്പ് നിർത്തിവെയ്പ്പിക്കുകയും ചെയ്തു. സ്കൂൾ PTA തിരഞ്ഞെടുപ്പുകളിൽ കടുത്ത രാഷ്ടീയ ഇടപെടലുകൾ നടക്കുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.