പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്ന് പിവി അൻവർ പറഞ്ഞു. അഭിമുഖം തെറ്റാണെങ്കിൽ എന്ത് കൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്ന് അൻവർ ചോദിച്ചു. അഭിമുഖത്തിൻ്റെ റെക്കോർഡ് പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും അൻവർ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലമ്പൂർ ആയിഷയുടെ മനസ് തൻ്റെ കൂടെയാണ്. കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്. വീട്ടിൽ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് അങ്ങനെ തന്നെ ഉണ്ടാവുമെന്നും അൻവർ പറഞ്ഞു.
എഡിജിപിയേയും പി.ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്ന് അൻവർ ആരോപിച്ചു. പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ ചോദിച്ചു. പാർട്ടിയിൽ പി ആർ വിഷയത്തിൽ 40 അഭിപ്രായം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്ന് അൻവർ പറഞ്ഞു.