നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ജാമ്യം അനുവദിക്കുമെന്ന് പറഞ്ഞ കോടതി ഒരാഴ്ചക്കകം ജാമ്യം അനുവദിക്കണമെന്നും ഉത്തരവിട്ടു. എന്നാൽ ജാമ്യത്തിന് എതിരാണ് സംസ്ഥാനം.
നേരത്തെ, പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.