വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു.
ഈ കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച തുക എന്ന തരത്തിൽ അവാസ്തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന സമീപനമെന്നും വിമർശനമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-
“ 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:
“2. Assessment of Response and Relief as per SDRF norms”
അതായത് എസ് ഡി ആര് എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ്
ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്.
മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.