മലപ്പുറത്ത് 26 പേർ നിപ സംശയിക്കുന്ന യുവാവുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ നടപടികളും യോഗം ചർച്ച ചെയ്തു. അതേസമയം നിപ നിയമപരമായി സ്ഥിരീകരിച്ചാൽ ജില്ലാ ഭരണകൂടം തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.
വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയായ 23കാരനും ബെംഗളൂരു സ്വദേശിയായ വിദ്യാർഥിയുമാണ് കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.