സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. ഒരു ഇടതുപക്ഷ നേതാവിന് കിട്ടുന്ന ഏറ്റവും വലിയ യാത്രയയപ്പായിരുന്നു അത്.
ഡൽഹി എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കുടുംബവും മറ്റ് മുതിർന്ന നേതാക്കളും ഏറ്റവുവാങ്ങിയത്. തുടര്‍ന്ന് അദ്ദേഹം പഠിച്ച ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് വെച്ചു. വികാരഭരിതമായ യാത്രയയപ്പാണ് പ്രിയ നേതാവിന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. തുടര്‍ന്ന് വൈകീട്ടോടെ വസന്ത്കുഞ്ചിലെ വീട്ടില്‍ ഭൗതിക ശരീരം എത്തിച്ചു. ഇന്ന് രാവിലെ മുതൽ ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരമർപ്പിക്കാനും എത്തിയത്.