രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി. പത്ത് ജൻപഥിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. സിഖുകാർക്ക് തലപ്പാവ് ധരിക്കുന്നതിനും ഇന്ത്യയിലെ ഗുരുദ്വാരകൾ സന്ദർശിക്കുന്നതിനും പരിമിതികളുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദത്തിന് തിരികൊളുത്തി. വിദേശത്തേക്ക് പോകുമ്പോൾ രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും അമിത് ഷാ വിമർശിച്ചു. സിഖ് സമൂഹത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് തോന്നിയ ചരിത്രത്തിലെ ഒരേയൊരു സന്ദർഭം രാഹുൽ ഗാന്ധിയുടെ കുടുംബം അധികാരത്തിലിരുന്നപ്പോഴാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും പ്രതികരിച്ചു
വാഷിങ്ടൺ ഡിസിയിലെ വിജിനിയയിൽ നടന്ന ഇന്ത്യൻ വംശജരായ അമേരിക്കക്കാർ പങ്കെടുത്ത യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ചൊല്ലിയാണ് വിവാദം.ആർഎസ്എസ് രാജ്യത്തെ ചില മത സാമുദായിക വിഭാഗങ്ങളെയും വിവിധ ഭാഷകളെയും മറ്റ് ചിലർക്ക് ഭീഷണിയെന്ന നിലയിലാണ് കാണുന്നതെന്നും ഇതിനെതിരെയാണ് രാജ്യത്തെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിഖുകാർക്ക് ടർബൻ ധരിക്കാനാകുമോ ഇല്ലേ എന്നുള്ളതും സിഖുകാരനെന്ന നിലയിൽ ഗുരുദ്വാര സന്ദർശിക്കാൻ കഴിയുമോയെന്നതും ഇത് മറ്റ് മതവിഭാഗങ്ങളിലെ വിശ്വാസികൾക്കും സാധ്യമാകുമോയെന്നതുമാണ് ഇന്ത്യയിലെ പോരാട്ടത്തിൻ്റെ കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോയത്.