മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം ദിവസമാണ് ഊട്ടിയിൽ കണ്ടെത്തിയത്. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലീസും നല്ലോണം സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. ഫോൺ ഓണായത് തുമ്പായെന്നും സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്പി വ്യക്തമാക്കി ഇന്നലെ രാത്രി കൂനൂരിൽ ഫോൺ ഓണായിരുന്നു. തുടർന്ന് ഊട്ടിയിൽ താമസിച്ചിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തി.
മലപ്പുറം ജില്ലയിലെ പാലിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായിട്ട് നാലാഴ്ചയായി. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ് ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ വിവാഹം നടക്കേണ്ടിയിരുന്നത്. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാൽ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.