വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതർക്കായി 75 സർക്കാർ ക്വർട്ടേഴ്സുകൾ വാസയോഗ്യമാക്കി. 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു. മാറി താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടു. കൂടുതൽ വീടുകൾ കണ്ടെത്താൻ കാര്യമായ തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തഭൂമിയിൽ നിന്ന് 179 മൃതദ്ദേഹങ്ങൾ ഇത് വരെ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാനവ ഹൃദയങ്ങൾ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഓണമെന്നും വയനാടിനായി ഈ നിമിഷം നമ്മുക്ക് ഒരുമിച്ച് നില്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് ഈ വര്‍ഷവും വിതരണം ചെയ്യും. ആറ് ലക്ഷം പേർക്ക് 36 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.