കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതും തെറ്റെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പോസ്റ്റ് നിർമ്മിച്ചവരെയാണ് ആദ്യം കണ്ടെത്തേണ്ടത്. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരായ പോലീസ് റിപ്പോർട്ടിൽ എം വി ജയരാജൻ പ്രതികരിച്ചില്ല. കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് ഷെയർ ചെയ്ത അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും മുൻ എംഎൽഎ കെ കെ ലതികയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ആവശ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവ് റിബേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിവൈഎഫ്ഐ 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അതിൽ നിന്ന് തന്നെ പലതും ഒളിച്ചുവെക്കാനുണ്ടെന്ന് വ്യക്തമാണ്. മാർക്സിസ്റ്റ് പാർട്ടി വീണിടത്ത് കിടന്നുരുളുകയാണ്. കാഫിർ വിവാദത്തിലൂടെ മാർക്സിസ്റ്റുകാർ വർഗീയതയിൽ ബിജെപിയെ കടത്തിവെട്ടിയെന്നും എം എം ഹസ്സൻ പറഞ്ഞു.ഇപ്പോൾ സി.പി.ഐ. എം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. മനീഷിന് ലഭിച്ച സ്ക്രീൻഷോട്ട് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മനീഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാൾ പ്രതികരിക്കാൻ തയാറായില്ല. കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് മനീഷ്. നേരത്തെ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു.