മൂവാറ്റുപുഴ: വിവിധ ഫണ്ടുകള്‍ വെട്ടികുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭയിലെ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി.
മുന്‍ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ ബില്ല് സമര്‍പ്പിച്ചിട്ടും മാര്‍ച്ച് 31 നകം പാസാക്കി നല്കാന് ബന്ധപ്പെട്ടവര്‍ തയാറായില്ലന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. ഇതോടെ നിരവധി വര്‍ക്കുകള്‍ സ്പില്‍ ഓവര്‍ പട്ടികയിലായി. ഇത് നഗരസഭക്ക് ഉണ്ടായ വീഴ്ചയല്ല. പിന്നീട് ഈ വര്‍ഷം സമര്‍പ്പിച്ച പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ ചൂണ്ടിക്കാട്ടി ഒരു കോടി നാല്പത്തിരണ്ട് ലക്ഷം രൂപയുടെ ഫണ്ട് വെട്ടി ചുരുക്കി. പ്ലാന്‍ ഫണ്ടില്‍ നിന്ന് 3427615 രൂപയും റോഡ്സ് ഫണ്ടില്‍ നിന്ന് 10693799 രൂപയും വെട്ടികുറച്ചു. ഇതിന് പുറമെ പെന്ഷന് ഫണ്ട് ഇനത്തില്‍ ആറ് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഗരസഭക്ക് നല്‍കാനുണ്ടെന്നും ചെയര്മാന് പറഞ്ഞു.
വന്‍ തോതില്‍ ഫണ്ട് വെട്ടി കുറച്ചതോടെ വികസന പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. മുനിസിപ്പല്‍ റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്താനോ വാര്‍ഡ് വര്‍ക്കുകള്‍ പൂര്ത്തിയാക്കാനൊ കഴിയാത്ത സ്ഥിതിയാണ്. സാമ്പത്തീകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഞെരുക്കി വികസനം മുരടിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. കൗണ്‍സിലര്‍ കെ.കെ. സുബൈര്‍ അധ്യക്ഷനായി.
വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ പി.എം. അബ്ദുള്‍ സലാം, അജി മുണ്ടാട്ട്, കൗണ്‍സിലര്‍മാരായ ലൈല ഹനീഫ, ബിന്ദു ജയന്, അസം ബീഗം, ജോളി മണ്ണൂര്‍, അമല്‍ ബാബു, ജോയിസ് മേരി ആന്റണി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുള്‍ സലാം, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പി. രജിത, പി.എ. സാജു എന്നിവര്‍ പ്രസംഗിച്ചു.