മൂവാറ്റുപുഴ: നദിയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉല്പാദനം ക്രമീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. കെ കൃഷ്ണന്‍കുട്ടി ഉറപ്പു നല്‍കിയതായി മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉല്പാദനം കുറച്ച് മലങ്കര ഡാമിലേക്കുള്ള ഇന്‍ഫ്ലോ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ വൈദ്യുതി മന്ത്രിയുമായും കെഎസ്ഇബി ചെയര്‍മാനുമായും സംസാരിക്കുകയും , മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും, കെഎസ്ഇബി ചെയര്‍മാനും കത്ത് നല്‍കുകയും ചെയ്തിരുന്നു . ഇതേ തുടര്‍ന്ന് കെഎസ്ഇബിയുടെ മൂലംമറ്റം പവര്‍ ജനറേഷന് കുറച്ചിരുന്നു.
മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉത്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും, തുടര്‍ന്ന് മൂവാറ്റുപുഴ ആറിലേക്കും ആണ് എത്തുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും, മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ വരികയും, മൂവാറ്റുപുഴയില്‍ കനത്ത മഴ തുടരുന്ന സാഹചര്യവും പരിഗണിച്ച്, മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്, ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനത്തില്‍ ഇന്നലെ രാവിലെ മുതല്‍ 200 മെഗാവാട്ട് കുറവ് വരുത്തിയിരുന്നു.
രാത്രികാലത്ത് ഡാമില്‍ നിന്നും പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം മലങ്കര ഡാമില്‍ നിന്നും ഒഴുക്കി വിട്ടിരുന്നു. മലങ്കര ഡാമില്‍ നിന്നും 150 സെന്റീമീറ്റര്‍ വീതം 4 ഷട്ടറുകള്‍ വഴിയാണ് ജലം ഒഴുക്കി വിട്ടിരുന്നത് എന്നാല്‍ ഇവ രാത്രിയോടുകൂടി കുറയ്ക്കും. രാവിലെ മുതല്‍ ഉയര്‍ന്നുകൊണ്ടിരുന്ന മൂവാറ്റുപുഴ നദിയിലെ ജലനിരപ്പ് വൈകിട്ട് അഞ്ചുമണിയോടുകൂടി സ്റ്റേബിള്‍ ആയതായും എംഎല്‍എ അറിയിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പും, പുഴകളിലെ ജലനിരപ്പും, കിഴക്കന്‍ മേഖലകളിലെ മഴയുടെ അളവും പരിഗണിച്ച് വേണ്ട ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നതിനായി എംവിഐപി, ഇറിഗേഷന്‍, റവന്യൂ, ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്കി.
പ്രളയ ബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുടങ്ങുന്ന സംബന്ധിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും എംഎല്‍എ പറഞ്ഞു.