- വയനാട്ടിൽ ഉരുൾപൊട്ടൽ; നടന്നത് വൻ ദുരന്തം, നിരവധി മരണം, നിരവധി പേരെ കാണാതായി, പാലവും വീടുകളും ഒലിച്ചുപോയി
കല്‍പ്പറ്റ: ഇന്ന് പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ വന്‍ ദുരന്തം. കുട്ടികളടക്കം നിരവധി ആളുകള്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. വീടുകളും പാലവും ഒലിച്ചുപോയി.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തുനിന്നും പുഴയിൽ നിന്നുമായി പതിനഞ്ചിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. മരിച്ചവരിൽ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം പോത്തുകല്ലില്‍ ചാലിയാറിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന കാഴ്ച നടുക്കുകയാണ്. നാലോളം മൃതദേഹങ്ങള്‍ ഇവിടെനിന്നും കണ്ടെത്തി.
സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി. ഉറങ്ങിക്കിടക്കുന്ന മനുഷ്യർക്കിടയിലേക്കാണ് പ്രളയജലം എത്തിയത്, ഉരുൾപൊട്ടൽ നേരിട്ട് കണ്ടവരുണ്ട്’
2019-ലെ പ്രളയകാലത്ത് നിരവധി പേര് മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം.
പ്രദേശത്തെ പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. . ഇവിടത്തെ വെള്ളാര്‍മല സ്കൂള്‍ ഒന്നാകെ മണ്ണിനടിയിലായി