കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനും മലബാറിലെ വീടുകളിലേക്കുള്ള കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനുമായി വൈദ്യുതി മന്ത്രാലയം പ്രത്യേക സംഘത്തെ അയച്ചു. വടക്കൻ മലബാറിൽ പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. കോഴിക്കോട് ഇന്ന് രാവിലെ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കോക്കല്ലൂരിൽ വീടിന് മുകളിൽ തെങ്ങ് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. പലയിടത്തും ഗതാഗത തടസ്സവുമുണ്ടായി.
കഴിഞ്ഞയാഴ്ച കേരളത്തിൽ പലയിടത്തും, പ്രത്യേകിച്ച് വടക്കേ മലബാർ മേഖലയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനം താറുമാറായിരിക്കുകയാണ്. ആയിരത്തി എഴുന്നൂറോളം ഹൈ ടെൻഷൻ പോസ്റ്റുകളും പതിനോന്നായിരത്തോളം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു.