നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയെല്ലാം കുറഞ്ഞ അപകടസാധ്യതയുള്ളവയാണ്. ഇതുവരെ 58 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം രോഗലക്ഷണങ്ങളോടെ മൂന്ന് പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 21 പേരാണ് മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്. അവരിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരെ ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കുന്നു. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. നാളെ (ജൂലൈ 25) യോടെ എല്ലാ വീട്ടുകളിലും സര്‍വ്വെ പൂര്‍ത്തിയാക്കാനാവും. 224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്. അതിനിടെ, മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.