തൃശൂർ തിരുവില്വാമലയിൽ ക്ഷേത്രത്തിൽ മോഷണം.ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കാഷ് രജിസ്റ്ററിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപ കാണാതായി. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് പണം കവർന്നത്.
കർക്കിടക മാസമായതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണവും വരുമാനവും വർധിച്ചു. പണം കൗണ്ടറിൽ സൂക്ഷിച്ചിരുന്നതായി അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം.
രാവിലെ ആറ് മണിയോടെ അധിക ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജർ പറഞ്ഞു.പഴയന്നൂർ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.