അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്. അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ച ഒരാൾക്ക് രാജ്യത്ത് രോഗം ഭേദമാകുന്നത് അപൂർവമാണ്. ലോകത്ത് 11 പേർ മാത്രമാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 97% മരണനിരക്ക് ഉള്ള ഒരു രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മുഴുവൻ ടീമിനെയും ഏകോപിപ്പിച്ച് ചികിത്സിച്ചതിന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
സംസ്ഥാനത്ത് അമീബിക് എൻസെഫലൈറ്റിസ് റിപ്പോർട്ട് ചെയ്തപ്പോൾ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗ ലക്ഷണങ്ങള്‍ മസ്തിഷ്ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകള്‍ അറിയിക്കുകയും ചെയ്തു.അതേ ദിവസം തന്നെ കുട്ടിക്ക് അപസ്മാരം ഉണ്ടായി. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.