മൂവാറ്റുപുഴ : എറണാകുളം ജില്ലയുടെ ഉപഗ്രഹ നഗരമായ മൂവാറ്റുപുഴയുടെതടക്കം സമഗ്ര വികസനം ഉറപ്പ് വരുത്താന്‍ കിഴക്കന്‍ മലയോര മേഖലകളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ നഗരസ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്ന ആവശ്യത്തിന് നാല് ദശാബ്ദത്തോളം പഴക്കമുണ്ട്.
1984 ല്‍ രൂപീകരിച്ച കാസര്‍കോടിന് ശേഷം സംസ്ഥാനത്ത് മറ്റൊരു ജില്ല പിറവിയെടുത്തിട്ടില്ല. ഇനിയൊരു ജില്ല വരുന്നെങ്കില്‍ അത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാകുമെന്ന് 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരണ വേളയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് പറഞ്ഞിരുന്നു. ഇതിന് വേണ്ടി നിയോഗിച്ച ഡോ. ബാബുപോള്‍ അധ്യക്ഷനായ സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ
റിപ്പോര്‍ട്ടിന്മല്‍ കാര്യമായ തുടര്‍ നടപടിയുണ്ടായില്ല. ജോസഫ് വാഴക്കന് മൂവാറ്റുപുഴ എം.എല്‍.എ. ആയിരിക്കെ ഈ വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു.
എറണാകുളം ജില്ലയില്‍ നിന്നുള്ള മിക്ക എം.എല്‍.എ.മാരും ആശയത്തോട് യോജിച്ചു.
പുതിയ ജില്ല വേണമെന്ന ആവശ്യത്തില്‍ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ ക്യാമ്പയിനുകള്‍ നടന്നിരുന്നു. മുല്ലപെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സമരം ശക്തമായതോടെ മൂവാറ്റുപുഴ ജില്ല എന്ന ചര്‍ച്ചകള്‍ നിലക്കുക ആയിരുന്നു. എറണാകുളം ജില്ലയിലെ റൂറല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്നത് പ്രായോഗികമായ ആശയമാണ്. ജില്ല അടിസ്ഥാനത്തിലാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭിക്കുക എന്നതിനാല്‍ പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വുണ്ടാകും എന്നതാണ് നേട്ടം.
എറണാകുളം ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയും സമീപ പ്രദേശങ്ങളും കേന്ദ്രമായിട്ടാണ് നടക്കുന്നത്. എന്നാല്‍ കിഴക്കന്‍ മേഖലയിലേക്ക് വേണ്ടത്ര വികസന പ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ല എന്ന വിമര്‍ശനത്തിനും പുതിയ ജില്ല രൂപീകരണത്തിലൂടെ അറുതി വരും. ഈ സാഹചര്യത്തില്‍ മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് പ്രമേയത്തിലൂടെ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ആവശ്യപ്പെട്ടു.