മൂവാറ്റുപുഴ: പേട്ടറോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
നഗരസഭയുടെ 16-ാം വാർഡിലൂടെ പോകുന്ന
ജനസാന്ദ്രയേറിയ പ്രദേശമായ പേട്ടയിൽ ഗതാഗത സൗകര്യങ്ങൾ തീരെ ഇല്ല. നഗരത്തിന്റേതായ വികസനം എത്തപ്പെടാത്ത പ്രദേശങ്ങളിൽ ഒന്നാണിത്.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭക്കുന്ന പേട്ട റോഡാണ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം. റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുമാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതിനാൽ നഗരസഭക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റുന്നുമില്ല. പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിക്കുന്ന പേട്ട റോഡ് ആവശ്യത്തിന് ഉയർത്തി നിർമ്മിച്ചാൽ മൂവാറ്റുപുഴ- തൊടുപുഴ റോഡിലേക്കും , എം.സി. റോഡിലേക്കും മൂവാറ്റുപുഴ നഗരത്തിലെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾക്ക് പോകുവാൻ കഴിയുമെന്നാണ് വിദഗ്ദർ നൽകിയ നിർദ്ദേശങ്ങൾ . കഠിനമായ വളവുകളും,കയ്യേറ്റങ്ങളുമുള്ള എം.സി. റോഡുവഴിയുള്ള യാത്ര ദുഷ്ക്കരമാണ്. കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക് ആരക്കുഴ റോഡിൽ കയറി എം.സി. റോഡിലേക്ക് എളുപ്പത്തിൽ കടക്കാവുന്നതാണ്. മൂവാറ്റുപുഴ കച്ചേരിത്താഴത്തു നിന്നും കാവുംപടി റോഡിലേക്ക് വാഹനം തിരിച്ചുവിട്ടാൽ പേട്ട റോഡുവഴി കയറി ഏതുഭാഗത്തേക്കും പോകുവാൻ കഴുയുമെന്നതാണ് ഏറെ സൗകര്യപ്രദമാകുന്നത്. ഇതുവഴി മൂവാറ്റുപുഴ ടൗണിലെ ഗതാഗതത്തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും. ഈ ആവശ്യം നവകേരള സദസ്സിൽ നൽകിയ നിവേദനം പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ നിർമ്മിക്കുന്ന വിഭാഗത്തിന് കൈമാറിയിരുന്നു . ഈ സാഹചര്യത്തിലാണ് പേട്ട നിവാസികളുടെ യാത്ര സൗക്യത്തിനും നഗരത്തിലെ ഗതാഗതക്കു രുക്ക് പരിഹരിക്കുന്നതിനും പേട്ട റോഡ് തൊടുപുഴ റോഡി വരെ ഉയർത്തി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭകൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപെടുന്നത്.
നവകേരള സദസ്സിൽ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചിരുന്ന മേൽപാലം നിർമ്മിക്കണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് ( റോഡ്സ്) ചീഫ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകണമെന്നും പ്രമേയത്തിൽ ആവശ്യപെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പേട്ടറോഡ് ആവശ്യത്തിന് ഉയർത്തി നിർമ്മിച്ചാൽ കോട്ടയം, തൊടുപുഴ, പിറവം ഭാഗത്തേക്കുള്ള വാഹനങ്ങൾ നഗരത്തിലെ ഗതാഗതകുരുക്കിൽപ്പെട്ട് നട്ടംതിരിയാതെ വാഹനങ്ങൾക്ക് പോകുവാൻ കഴിയുമെന്ന് വാർഡ് കൗൺസിലർ ജാഫർ സാദിക്ക് അറിയിച്ചു.