ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ. ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിറത്തുവിടാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദത്തിനും തിരിതെളിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തില്‍ കെ.കെ രമ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.